കണ്ണൂർ: കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 12ന്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. ഗൂഢാലോചന തെളിയിക്കാനുള്ള രണ്ട് പ്രധാന സാക്ഷികളും വിചാരണ കോടതിയിൽ ഹാജരായിരുന്നില്ല. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.