തിരുവനന്തപുരം ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ അവസാന ഹോം മത്സരത്തിൽ വിജയത്തിന്റെ തലയെടുപ്പോടെ തിരുവനന്തപുരം കൊമ്പൻസ്. ഫോഴ്സ കൊച്ചിയെ 3–2ന് തോൽപിച്ചു. ഇരട്ട ഗോൾ നേടിയ തിരുവനന്തപുരത്തിന്റെ വി.അർജുനാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തിയ കൊമ്പൻസിന് സീസണിൽ ഇനി ബാക്കിയുള്ളത് 2 എവേ മത്സരങ്ങളാണ്. 8 മത്സരങ്ങളിൽനിന്ന് 11 പോയിന്റുമായി നാലാം സ്ഥാനത്താണ് കൊമ്പൻസ് ഇപ്പോൾ. 5 ഗോൾ പിറന്ന സൂപ്പർ പോരാട്ടത്തിൽ ആദ്യം ലീഡെടുത്തത് ഫോഴ്സ കൊച്ചിയാണ്. 23–ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ ഒറ്റയ്ക്കു മുന്നേറിയശേഷം ഹർഷൽ റഹ്മാൻ സെക്കൻഡ് പോസ്റ്റിലേ ക്കു നൽകിയ ക്രോസ് നിതിൻ മധു ഹെഡ് ചെയ്തു.