കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച ഫോഴ്സ കൊച്ചിയും തിരുവനന്തപുരം കൊമ്പന്‍സും നേര്‍ക്കുനേര്‍. കൊച്ചിയുടെ അറ്റാക്കിംഗ് ഗെയിമും കൊമ്പന്മാരുടെ ഡിഫന്‍സീവ് ഗെയിമും തമ്മിലുള്ള പോരാട്ടം ആവേശകരമായിരിക്കും. മൂന്ന് മത്സരങ്ങളിൽ അഞ്ച് പോയന്റുമായി കൊച്ചി മൂന്നാം സ്ഥാനത്തും നാല് പോയന്റുമായി കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സിയെ 1–0ന് തോൽപ്പിച്ച കൊച്ചി, തൃശ്ശൂർ മാജിക്കിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലും ജയിച്ചു. എന്നാൽ അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിനോട് 1–2ന് തോറ്റു. രാഹുൽ രാജുവാണ് കണ്ണൂരിന് എതിരെ കൊച്ചിയുടെ ആശ്വാസ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ഗോളുകളുമായി ടീമിന്റെ ആക്രമണത്തിലെ പ്രതീക്ഷയായി രാഹുൽ രാജു ഉയർന്നിട്ടുണ്ട്.