2036 ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ; ഖത്തറും ജർമ്മനിയും ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ മത്സരരംഗത്ത്. ഹെെദരാബാദ്: 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസുകൾക്ക് വേദിയാകാനുള്ള ഇന്ത്യയുടെ പദ്ധതികൾക്ക് തുടക്കമായി. കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക വീക്ഷണമായി റൈസിംഗ് ടുഗെദർ എന്ന ആശയം പുറത്തുവിട്ടു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷന് മുന്നിലുള്ള ഇന്ത്യയുടെ ആദ്യ പ്രോജക്ട് അവതരണം നവംബർ അവസാനത്തോടെ നടക്കുമെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയും സ്ഥിരീകരിച്ചു.2036 ഗെയിംസിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി നിലവിൽ ചർച്ചകൾ നടത്തുന്ന ഏഴ് മുൻനിര രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്.