ഒരുപതിറ്റാണ്ടിനുശേഷമാണ് സംസ്ഥാന മീറ്റിന് കോഴിക്കോട് ആതിഥ്യംവഹിച്ചത്. എൻഐടി സ്റ്റേഡിയത്തിലെ പുതിയ സിന്തറ്റിക് ട്രാക്കിൽ റെക്കോഡുകൾക്ക് പഞ്ഞമായിരുന്നു. സീനിയർ ആൺകുട്ടികളുടെ 4x400 മീറ്റർ റിലേ ഉൾപ്പെടെ ആറ് റെക്കോഡുകൾ മാത്രമാണ് പിറന്നത്. കോഴിക്കോട്: ഒരാഴ്ചത്തെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 68–ാമത് സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് കിരീടം മലപ്പുറം സ്വന്തമാക്കി. കായിക കേരളത്തിന്റെ ഭാവിയിലേക്ക് കവാടം തുറന്നുവച്ചാണ് ചാത്തമംഗലം എൻഐടി സ്റ്റേഡിയം താരങ്ങളെ യാത്രയാക്കുന്നത്. നിരാശയും പ്രതീക്ഷയും ഒരുപോലെ നിറഞ്ഞ മൈതാനം പുതിയ താരങ്ങളുടെ പിറവിക്കും സാക്ഷ്യംവഹിച്ചു. ഭാവിയിൽ കേരളത്തിന് മുതൽക്കൂട്ടാകുന്ന ഒരുപിടി താരങ്ങളെ കോഴിക്കോട് മീറ്റ് സമ്മാനിച്ചു.