മലയാളികളുടെ മാതൃഭൂമിയായി കേരളത്തെ രൂപപ്പെടുത്താൻ രാജ്യമാകെ ഉയർന്ന മുറവിളിക്കൊപ്പം പഴയ കൊച്ചി രാജ്യത്ത് നടന്ന പരിശ്രമങ്ങൾക്കുമുണ്ട് നൂറ്റാണ്ടിന്റെ പഴക്കം. 1928 ഏപ്രിലിൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ ആദ്യമായി ഐക്യകേരളം രൂപീകരിക്കണമെന്ന പ്രമേയം അംഗീകരിച്ചതിൽ തുടങ്ങുന്നു അത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതേ ആവശ്യമുന്നയിച്ച് 1949 ഫെബ്രുവരിയിൽ ആലുവയിൽ ചേർന്ന ഐക്യകേരള കൺവൻഷൻ ഇന്നുള്ളതിനേക്കാൾ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെട്ട പശ്ചിമതീര സംസ്ഥാനമെന്ന സങ്കൽപ്പത്തിലൂന്നിയ കേരളത്തെയാണ് സ്വപ്നം കണ്ടത്.