ചിറകുവിരിച്ച് പറക്കാന്‍, സ്വപ്നങ്ങളുടെ ആകാശങ്ങള്‍ മറികടക്കാന്‍ കരുത്തോടെ കുതിക്കുകയാണ് നമ്മുടെ കായിക കൗമാരം. വേഗ വിസ്മയം തീര്‍ത്ത്, പുതിയ റെക്കോര്‍ഡുകള്‍ കുറിച്ച്, ചരിത്രമുറങ്ങുന്ന കോഴിക്കോട് എന്‍.ഐ.ടി സ്റ്റേഡിയത്തില്‍ സ്കൂള്‍ കായികമേള ആവേശക്കൊടുമുടിയിലാണ്. കലയും കായികവും നെഞ്ചോടുചേര്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണിലേക്ക്, 11 വര്‍ഷത്തിനുശേഷം കൗമാര കായികപൂരം എത്തിയത് ഏഴുപതിറ്റാണ്ടിന്റെ പകിട്ടോടെയാണ്. ഇതിനിടയിലാണ് ചില പുഴുക്കുത്തുകള്‍. ഉച്ചഭക്ഷണത്തിലെ സാമ്പാറില്‍ നിന്ന് പുഴുവിനെ കിട്ടി എന്ന് ആരോപിച്ച് പെരുമ്പാവൂര്‍ വെങ്ങോല ശാലോം സ്കൂള്‍ അധ്യാപകന് ജിജോ ജെയിംസ് ഫെയ്സ്ബുക്കില്‍ ലൈവ് നല്കി. സംഘാടകര്‍ ഇത് ചോദ്യംചെയ്തതോടെ അധ്യാപകന് തന്നെ തിരുത്തി. തോന്നിയതാകാമെന്നായി വിശദീകരണം. പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. പ്രതിഷേധമുയര്‍ന്നു. ജിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.