രാവിലെ ഏഴരയ്ക്ക് തുറക്കുന്ന മട്ടാഞ്ചേരിയിലെ റാവൽ ലെസി ജോയിന്റ് എപ്പോൾ അടയ്ക്കുമെന്ന് പറയാനാവില്ല. തയ്യാറാക്കിവച്ചിരിക്കുന്ന ലെസി തീരുന്നതാണ് കട അടയ്ക്കുന്ന സമയം. അത് ചിലപ്പോൾ വൈകിട്ട് നാലുമുതൽ രാത്രി ഒമ്പതുവരെ നീളാം. ഇത്രയധികം രുചിവൈവിധ്യങ്ങളോടെ ലെസി വിളന്പുന്ന മറ്റൊരുകട കൊച്ചിയിൽ ഉണ്ടാകില്ല. സാദാ, സ്പെഷ്യൽ, ഗുൽക്കന്ദ് മാവാ, അർജീൻ കിസ്മിസ്, ഖാജുർ ഖജു, മാംഗോ, സ്ട്രോബറി തുടങ്ങി വ്യത്യസ്തമായ ലെസികളാണ് ഇവിടെയുള്ളത്. മാംഗോ ലെസി മാർച്ച് മുതൽ ജൂലൈവരെയും സ്ട്രോബറി ലെസി ഡിസംബർ മുതൽ ഫെബ്രുവരിവരെയുമാണ് കിട്ടുക. ഗുജറാത്തിലെ തലാല എന്ന സ്ഥലത്തുനിന്ന് കൊണ്ടുവരുന്ന കേസർ ഇനത്തിൽപ്പെട്ട മാങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന മാംഗോ ലെസിക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.