ട്രാക്കിലെ പുലികൾ വേട്ട തുടങ്ങി. പൊള്ളുന്ന ചൂടിൽ മുഖത്ത് പൊടിയുന്ന വിയർപ്പുതുള്ളികൾക്ക് പോലും പോരാട്ടത്തിന്റെ ചൂരാണ്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിൻ്റെ ശ്രീഹരി കരിക്കൻ മീറ്റ് റെക്കോർഡ് തിരുത്തി സ്വർണം നേടുന്നു | ഫോട്ടോ: മിഥുൻ അനില മിത്രൻ. സർവശക്തിയും കഠിനാധ്വാനവും ഉടലിൽ പേറിയുള്ള കൗമാര കുതിപ്പിന് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നു. 68–ാമത് സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് മത്സരത്തിലെ താരക്കുതിപ്പിനെ പുണരുകയാണ് എൻഐടി ക്യാമ്പസ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും ഫീൽഡും. ആദ്യദിനം അത്ലറ്റിക്സിൽ 14 ഫൈനലുകൾ പൂർത്തിയാകുമ്പോൾ രണ്ട് റെക്കോഡാണുള്ളത്. 29 പോയിന്റുമായി പാലക്കാട് കൈവിട്ട കിരീടം തിരിച്ചു പിടിക്കുമെന്ന് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.